Thursday, 10 May 2018

തേൻ മധുരം


പുഷ്പങ്ങളിൽ നിന്നോ പുഷ്പേതര ഗ്രന്ഥികളിൽ നിന്നോ തേനീച്ചകൾ പൂന്തേൻശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ്‌ തേൻ (Honey)മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച് തേൻ, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു. വയറിൽ വച്ച് തേൻ ലെവ്ലോസ്ഫ്രക്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടി ചിറകുകൾ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ്‌‍ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.


തേനീച്ചയുമായി ബന്ധപ്പെട്ട what sapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ  ലിങ്കിൽ ക്ലിക്ക് ചെയ്യുക


https://chat.whatsapp.com/81CBtZAXPkWHJHRLKLfZ45

Saturday, 5 December 2015

Tuesday, 1 December 2015

വൻ തേനിച്ച കൃഷി

തേനീച്ച വളര്‍ത്തല്‍


പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യൌഷധം കൂടിയാണ്. ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്.  വിവിധതരം ഔഷധഗുണമുള്ള പൂക്കളുടെ തേന്‍ തേനീച്ചകള്‍ സംഭരിക്കുന്നത് കൊണ്ടാണ് തേനിനും വിവിധതരം ഔഷധഗുണം കണ്ടുവരുന്നത്.  തേന്‍ ഉപയോഗിക്കേണ്ടത് അതു പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന രീതിയില്‍ തന്നെയാണ്. തേന്‍ ചൂടാക്കിയാല്‍ അതിലെ തരികള്‍ ഉണങ്ങിപ്പോകുകയും ഗുണം കുറയുകയും ചെയ്യും.
വൈറ്റമിന്‍ ബി. സി. കെ. എന്നിവ തേനില്‍ ധാരാളമുള്ളതിനാല്‍ ഇതു പ്രതിരോധശക്തി വര്‍ധിപ്പിക്കും. ശരീരത്തിലുണ്ടാകുന്ന വ്രണങ്ങള്‍ വളരെവേഗം ഉണക്കാനുള്ള അപാരമായ കഴിവി തേനിനുണ്ട്.  നീരു വലിച്ചെടുക്കാനുള്ള അപാരമായ കഴിവായിരിക്കാം ഇതിനു കാരണം. പലതരം എന്‍സൈമുകള്‍ തേനിലുണ്ട്. സോഡിയം, പൊട്ടാസിയം, കാത്സ്യം, ചെമ്പ്, ഫോസ്ഫറസ്, ഗന്ധകം, ഇരുമ്പ്, മാംഗനീസ്, അയഡിന്‍ എന്നിവയും തേനില്‍ അടങ്ങിയിരിക്കുന്നു.

തേനീച്ച വളര്‍ത്തല്‍

തേനിനും തേനീച്ച ഉത്പന്നങ്ങള്‍ക്കുംവേണ്ടി തേനീച്ചകളെ വളര്‍ത്തുന്ന വ്യവസായം. തേനീച്ച വളര്‍ത്തല്‍ ലോകവ്യാപകമായി വ്യാവസായിക പ്രാധാന്യമുള്ള ഒരു കൃഷിയാണ്. പുഷ്പങ്ങളില്‍ പരപരാഗണം നടത്തി കൃഷിയിടങ്ങളില്‍ വിളവ് വര്‍ധിപ്പിക്കുന്നതിനും തേനീച്ച വളര്‍ത്തല്‍ പ്രയോജനകരമാണ്. വന്യമായി കാണുന്ന തേനീച്ചക്കൂടുകളില്‍നിന്ന് തേന്‍ ശേഖരിച്ചിരുന്ന പ്രാചീന മനുഷ്യന്‍ പിന്നീട് മണ്‍പാത്രങ്ങളും തടിക്കഷണങ്ങളും കൊണ്ടുണ്ടാക്കിയ കൃത്രിമ കൂടുകളില്‍ തേനീച്ചകളെ വളര്‍ത്താന്‍ തുടങ്ങി. 1851-ല്‍ ലാങ്സ് ട്രോത്ത് എന്ന ശാസ്ത്രജ്ഞന്‍ 'ഈച്ച സ്ഥലം' (Bee space) എന്ന തത്ത്വം ആവിഷ്കരിച്ചതോടുകൂടി ചലിപ്പിക്കാവുന്ന ചട്ടങ്ങള്‍ ഉപയോഗിച്ചുള്ള കൃത്രിമ കൂടുകള്‍ നിലവില്‍വന്നു. ഈച്ചകള്‍ ചട്ടങ്ങള്‍ക്കിടയില്‍ അറയുണ്ടാക്കുന്നത് തടയുന്നതിനായി ചട്ടങ്ങള്‍ തമ്മിലും ചട്ടവും കൂടും തമ്മിലും പാലിക്കേണ്ട കൃത്യമായ വിടവ് ആണ് 'ബീ സ്പെയ്സ്'. 'ബീ സ്പെയ്സ്' തത്ത്വം അനുസരിച്ച് കൂടുണ്ടാക്കുമ്പോള്‍ കൂടിനുള്ളിലെ ചട്ടങ്ങള്‍ ചലിപ്പിക്കാനും കൂടിനുള്ളിലൂടെ ഈച്ചകള്‍ക്ക് സുഗമമായി സഞ്ചരിക്കുവാനും സാധിക്കും. റവ. ഫാ. ന്യൂട്ടന്‍ 1910-ല്‍ ഇന്ത്യന്‍ തേനീച്ചകള്‍ക്ക് അനുയോജ്യമായ 'ന്യൂട്ടന്‍സ് ഹൈവ്' എന്ന ചെറിയ കൂട് നിര്‍മിച്ചതോടുകൂടിയാണ് ഇന്ത്യയില്‍ തേനീച്ച വളര്‍ത്തല്‍ വ്യാപകമായത്. പിന്നീടുണ്ടായ കണ്ടുപിടിത്തങ്ങള്‍ നിരവധി തേനീച്ച വളര്‍ത്തല്‍ ഉപകരണങ്ങള്‍ക്ക് ജന്മം നല്കുകയും തേനീച്ച വളര്‍ത്തല്‍ ശാസ്ത്രീയവും ആദായകരവുമായ ഒരു കൃഷിയും ചെറുകിട വ്യവസായവുമായി വികസിപ്പിക്കുകയും ചെയ്തു.
ഒരു സാധാരണ തേനീച്ചക്കൂടിന്റെ ഭാഗങ്ങള്‍


ഇന്ത്യന്‍ തേനീച്ചകളുടെ ശാസ്ത്രീയ പരിപാലനം
.

ആറ് മി. മീ. 'ബീ സ്പെയ്സ്' പാലിക്കുന്ന 8 മുതല്‍ 10 വരെ ചട്ടങ്ങളുള്ള (frames) രണ്ട് തട്ടുകളോടുകൂടിയ പെട്ടികളാണ് തേനീച്ച വളര്‍ത്തലിന് സാധാരണയായി ഉപയോഗിക്കുന്നത്. അടിപ്പലക, അടിത്തട്ട്, മേല്‍ത്തട്ട്, മേല്‍മൂടി, ചട്ടങ്ങള്‍ എന്നിവയാണ് തേനീച്ചക്കൂടിന്റെ പ്രധാന ഭാഗങ്ങള്‍. കൂടാതെ കൂടിന്റെ ഉള്‍വിസ്തൃതി ആവശ്യാനുസരണം ക്രമീകരിക്കുന്നതിനുള്ള പലക (dummy division board), മുകള്‍ത്തട്ടിലേക്കുള്ള റാണിയുടെ സഞ്ചാരം ഒഴിവാക്കുന്നതിന് ഉതകുന്ന റാണി ബഹിഷ്കരണി (Queen excluder) എന്നിവയും തേനീച്ചപ്പെട്ടിയുടെ ഭാഗങ്ങളാണ്. തേനീച്ചക്കൂടുകള്‍ സാധാരണയായി ഒരു മീ. ഉയരമുള്ള കാലുകളിലാണ് സ്ഥാപിക്കാറുള്ളത്. ഉറുമ്പുകളുടെ ശല്യം ഒഴിവാക്കാന്‍ കാലുകളുടെ ചുവട്ടില്‍ വെള്ളം നിറച്ച ഉറുമ്പു കെണികള്‍ (ant panes) സ്ഥാപിക്കുകയോ കീടനാശിനിപ്രയോഗം നടത്തുകയോ ചെയ്യണം.
വിവിധതരം തേനീച്ചക്കൂടുകള്‍
  

പ്രകൃത്യാ മരപ്പൊത്തുകളിലും മറ്റും വന്യമായി കാണുന്ന കൂടുകളില്‍നിന്ന് ഈച്ചകളെ ശേഖരിച്ചോ വളര്‍ത്തുകൂടുകളില്‍നിന്ന് വിഭജനം നടത്തിയോ പുതിയ കൂടുകളിലേക്ക് ഈച്ചകളെ കണ്ടെത്തുന്നു. കൂടുകളില്‍ പുക ഏല്പിച്ച് ഈച്ചകളെ ശാന്തരാക്കിയ ശേഷം മരപ്പൊത്തില്‍നിന്നും മറ്റുമുള്ള ഈച്ചകളോടുകൂടിയ അടകള്‍ മുറിച്ചെടുത്ത് പുതിയ കൂടിലെ ചട്ടങ്ങളില്‍ വച്ചുകെട്ടി കൂടിനുള്ളില്‍ സ്ഥാപിക്കുന്നു. തേനും പൂമ്പൊടിയും അടങ്ങിയ അടകളെയും ഇപ്രകാരം മാറ്റി സ്ഥാപിക്കാറുണ്ട്. റാണി ഈച്ചയെ പുതിയ കൂടിനുള്ളില്‍ സ്ഥാപിക്കേണ്ടത് കൂടിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. ഇതിനായി റാണിയെ കണ്ടെത്തി തീപ്പെട്ടിക്കൂടിലോ കമ്പികൊണ്ട് പ്രത്യേകം രൂപകല്പന ചെയ്ത ചെറിയ പെട്ടികളിലോ (Queen cage) ആക്കി കൂടിനുള്ളില്‍ വച്ചുകൊടുക്കാവുന്നതാണ്. ഒന്നുരണ്ടു ദിവസത്തിനുശേഷം റാണി ഈച്ചയെ കൂടിനുളളില്‍ സ്വതന്ത്രമാക്കണം.
തേനീച്ചക്കുടിന്റെ ഉള്‍ഭാഗം
കൃത്രിമമായി തേനീച്ചകളെ കൂടുകളില്‍ വളര്‍ത്തുമ്പോള്‍ ഇവയുടെ വളര്‍ച്ചാകാലത്ത് (ഒക്ടോബര്‍-നവംബര്‍) ഈച്ചകളുടെ എണ്ണം വര്‍ധിക്കുമ്പോഴേക്കും, പുതിയ റാണിയെ വിരിയിച്ച് കൂടുപിരിയാന്‍ ഈച്ചകള്‍ തയ്യാറെടുക്കുന്നു. ഈ അവസരത്തില്‍, പുതിയ റാണി വിരിഞ്ഞ് പുറത്തുവരുന്നതിനു മുമ്പായി പഴയ റാണിയെ മൂന്നോ നാലോ അടകള്‍ക്കും കുറെ വേലക്കാരി ഈച്ചകള്‍ക്കുമൊപ്പം പുതിയ പെട്ടിയിലേക്കു മാറ്റി കൂടു വിഭജനം നടത്തി പുതിയ തേനീച്ചക്കോളനികള്‍ ഉണ്ടാക്കിയെടുക്കുന്നു. പഴയ പെട്ടിയില്‍ പുതുതായി വിരിയുന്ന റാണി സ്ഥാനം ഏറ്റെടുക്കുന്നതിനാല്‍ കോളനി നശിച്ചുപോകുന്നില്ല. തേനും പൂമ്പൊടിയും ലഭ്യമാകുന്നതിനുള്ള സപുഷ്പിസസ്യങ്ങളും ശുദ്ധജലസ്രോതസ്സുമുള്ള തണല്‍ പ്രദേശങ്ങളാണ് തേനീച്ച വളര്‍ത്തലിന് അനുയോജ്യം. 50 മുതല്‍ 100 വരെ തേനീച്ചപ്പെട്ടികള്‍ 3-6 മീ. അകലത്തിലുള്ള വരികളിലായി തേനീച്ച വളര്‍ത്തല്‍ സ്ഥലത്ത് സ്ഥാപിക്കാവുന്നതാണ്. ഒരേ വരികളിലുള്ള പെട്ടികള്‍ 2-3 മീ. അകലത്തില്‍ കിഴക്കു ദര്‍ശനമായി വയ്ക്കുന്നതാണ് അഭികാമ്യം. കൂടുകളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ പരിശോധന നടത്തുന്നത് തേനീച്ചക്കോളനികളുടെ സംരക്ഷണത്തിന് ഉത്തമമായിരിക്കും. തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസങ്ങളില്‍ കൂടുകളിലേക്ക് നേരിയ തോതില്‍ പുകയേല്പിച്ച് ഈച്ചകളെ ശാന്തരാക്കിയാണ് കൂടു പരിശോധന നടത്തുന്നത്. ചകിരി വച്ചു തീകൊളുത്തി പുകയുണ്ടാക്കുന്ന പുകയ്ക്കല്‍ യന്ത്രം (smoker) ഇതിനായി ഉപയോഗിക്കുന്നു. ഉളി ഉപയോഗിച്ച് ചട്ടങ്ങള്‍ ഇളക്കിയെടുക്കുന്നത് പരിശോധന സുഗമമാക്കുന്നു. ഇപ്രകാരം കൂടു പരിപാലനം നടത്തുമ്പോള്‍ കുത്തേല്ക്കാതിരിക്കുന്നതിനായി തൊപ്പിയും മുഖംമൂടിയും ഉപയോഗിക്കാറുണ്ട്. ഈച്ചകളുടെ എണ്ണം, പുഴുക്കളുടെ വളര്‍ച്ച, കൂടിനുള്ളിലെ തേന്‍, പൂമ്പൊടി, രോഗകീടബാധ തുടങ്ങിയവ കൂടുപരിശോധനാസമയത്ത് നിരീക്ഷണവിധേയമാക്കേണ്ടതാണ്.
ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള കാലമാണ് കേരളത്തിലെ മധുപ്രവാഹകാലം (honey flow season). ഈ കാലയളവില്‍ തേനുത്പാദനം വര്‍ധിപ്പിക്കുന്നതിന് തേനീച്ചക്കൂടുകളെ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വളര്‍ച്ചാകാലഘട്ടത്തിന്റെ (brood ceasing season) തുടക്കമായ ഒക്ടോബര്‍ മാസം മുതല്‍ ആരംഭിക്കേണ്ടതാണ്. കൃത്രിമ അട(comb foundation sheet)നല്കി പുഴുക്കളുടെ വളര്‍ച്ച ത്വരിതപ്പെടുത്തല്‍, ബലഹീനമായ കോളനികളുടെ സംയോജനം, പുതിയ റാണി ഈച്ചയെ വളര്‍ത്തിയെടുക്കല്‍ തുടങ്ങിയവയാണ് ഈ അവസരത്തില്‍ നടത്തേണ്ട പരിപാലനമുറകള്‍. തേനീച്ചക്കൂടുകളിലെ ആണ്‍ ഈച്ചകളുടെ ക്രമാതീതമായ വര്‍ധനവ് റാണി ഈച്ചയുടെ പ്രത്യുത്പാദനശേഷി കുറയുന്നതിന്റെ സൂചനയായി കരുതാം. ഇത്തരത്തിലുള്ള കൂടുകളില്‍ പുതിയ റാണി ഈച്ചയെ വളര്‍ത്തിയെടുക്കേണ്ടത് കൂടിന്റെ നിലനില്പിന് അനിവാര്യമാണ്. വളര്‍ച്ചാകാലഘട്ടത്തില്‍ ആരോഗ്യമുള്ള റാണി ഈച്ചകളോടുകൂടിയ കൂടുകളില്‍ പുതുതായി രൂപപ്പെടുന്ന റാണി ഈച്ച വളര്‍ത്തല്‍ അറകള്‍ നശിപ്പിച്ച് കൂട്ടം പിരിയല്‍ ഒഴിവാക്കുന്നതിലൂടെ കൂടുകളില്‍ ഈച്ചകളുടെ എണ്ണം കുറയുന്നതിനെ നിയന്ത്രിക്കുന്നു.
 
തേന്‍ ശേഖരണയന്തൃം    പുകയ്ക്കല്‍ യന്തൃം

മധുപ്രവാഹകാലത്ത് വാണിജ്യാടിസ്ഥാനത്തില്‍ തേനുത്പാദിപ്പിക്കുന്നതിന് തേനീച്ചക്കൂടുകള്‍ തേന്‍ സ്രോതസ്സുകളായ സസ്യങ്ങള്‍ വളരുന്ന സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്ന ദേശാടന തേനീച്ചക്കൃഷി സമ്പ്രദായം (migratory bee keeping) അവലംബിക്കാവുന്നതാണ്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പുഷ്പിക്കുന്ന കശുമാവും ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പൂവണിയുന്ന റബ്ബര്‍ തോട്ടങ്ങളും മാര്‍ച്ച്-ജൂലായ് മാസങ്ങളില്‍ പുഷ്പിക്കുന്ന പുളിയും കേരളത്തിലെ പ്രധാന തേന്‍ സ്രോതസ്സുകളാണ്. മരുത്, മാവ്, പ്ളാവ്, ഏലം തുടങ്ങി നിരവധി സസ്യങ്ങളില്‍നിന്ന് തേനീച്ചകള്‍ തേനും പൂമ്പൊടിയും ശേഖരിക്കാറുണ്ട്. തളിരണിയുമ്പോള്‍ ഇലത്തണ്ടിലെ ഗ്രന്ഥികളില്‍ തേന്‍ ഉത്പാദിപ്പിക്കുന്ന റബ്ബറാണ് കേരളത്തിലെ ദേശാടന തേനീച്ചക്കൃഷിയുടെ അടിസ്ഥാനം.

തേനുത്പാദനകാലത്ത് തേനീച്ചപ്പെട്ടിയിലെ തട്ടുകള്‍ക്കിടയില്‍ 'റാണി ബഹിഷ്കരണി' സ്ഥാപിക്കുന്നത് മേല്‍ത്തട്ടില്‍ റാണി ഈച്ച പ്രവേശിച്ച് മുട്ടയിടുന്നതിനെ തടയുന്നു. നിരവധി ചെറിയ ദ്വാരങ്ങളുള്ള നാകത്തകിടാണ് റാണി ബഹിഷ്കരണി. ഇവയിലെ ദ്വാരങ്ങളുടെ വലുപ്പം വേലക്കാരി ഈച്ചകളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നു. എന്നാല്‍ ഉദരത്തിന് വലുപ്പക്കൂടുതലുള്ള റാണി ഈച്ചയ്ക്ക് ഈ ദ്വാരങ്ങളിലൂടെ കടന്നുപോകാന്‍ കഴിയില്ല. റാണി ബഹിഷ്കരണി സ്ഥാപിക്കുന്നതുമൂലം ഈച്ചകള്‍ പെട്ടിയുടെ മുകള്‍ഭാഗം തേനും പൂമ്പൊടിയും മാത്രം ശേഖരിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നു. ഇത് മേല്‍ത്തട്ടില്‍ നിന്നുള്ള തേന്‍ശേഖരണം അനായാസമാക്കുന്നു. തേനീച്ചകള്‍ കീഴ്ത്തട്ടിലെ അടകളുടെ മുകള്‍ഭാഗം തേന്‍ശേഖരണത്തിനായും കീഴ്ഭാഗം പുഴു വളര്‍ത്തലിനായുമാണ് ഉപയോഗിക്കുന്നത്. തേനറകളില്‍ തേന്‍ ശേഖരിച്ചശേഷം വേലക്കാരി ഈച്ചകള്‍ മെഴുക് ഉപയോഗിച്ച് തേനറകള്‍ അടയ്ക്കുന്നു. 70-75 ശതമാനം അറകള്‍ അടച്ചു കഴിഞ്ഞ അടകളില്‍ നിന്ന് തേന്‍ ശേഖരിക്കാം.
തേനടകള്‍ പിഴിഞ്ഞെടുത്തോ തേന്‍ ശേഖരണയന്ത്രം (Honey extractor) ഉപയോഗിച്ചോ തേനീച്ചക്കൂടുകളില്‍നിന്ന് തേന്‍ ശേഖരിക്കാം. തേനടകള്‍ ചട്ടങ്ങള്‍ സഹിതം കൂടിനു പുറത്തെടുത്ത് തേന്‍കമ്പിയുപയോഗിച്ച് മൂടി ചെത്തി മാറ്റി തേന്‍ശേഖരണയന്ത്രത്തില്‍ സ്ഥാപിച്ച് കറക്കി തേനെടുക്കുന്നത് അടകള്‍ നശിക്കാതെ വീണ്ടും ഉപയോഗിക്കുന്നതിനു സഹായിക്കുന്നു. മധുപ്രവാഹകാലത്ത് തേനുത്പാദനം കൂടുതലുള്ള കൂടുകളില്‍നിന്ന് 5-6 ദിവസത്തിലൊരിക്കല്‍ തേന്‍ ശേഖരിക്കാനാകും.

തേനുത്പാദനകാലത്തെത്തുടര്‍ന്നുള്ള മഴക്കാലത്ത് തേനും പൂമ്പൊടിയും ദുര്‍ലഭമായതിനാല്‍ തേനീച്ചകളെ സംബന്ധിച്ചിടത്തോളം ക്ഷാമകാലമാണ്. ഈ കാലയളവിലെ ഭക്ഷണത്തിനും പുഴുവളര്‍ത്തലിനുമായാണ് തേനീച്ചകള്‍ തേനും പൂമ്പൊടിയും കൂടുകളില്‍ സൂക്ഷിക്കുന്നത്. ആയതിനാല്‍ തേനുത്പാദന കാലയളവിന്റെ അവസാന ഘട്ടത്തില്‍ ക്ഷാമകാലത്തേക്കാവശ്യമായ തേന്‍ പെട്ടിയില്‍ അവശേഷിപ്പിക്കേണ്ടത് കോളനികളെ നിലനിര്‍ത്തുന്നതിനാവശ്യമാണ്. ആഹാര ദൗര്‍ലഭ്യംമൂലം ക്ഷാമകാലത്ത് ഈച്ചകള്‍ വളരെക്കുറച്ച് പുഴുക്കളെ മാത്രമേ വളര്‍ത്താറുള്ളൂ. ഇത് പെട്ടികളില്‍ ഈച്ചകളുടെ എണ്ണം കുറയാനിടയാക്കുന്നു. ഈ കാലയളവില്‍ അംഗസംഖ്യയ്ക്കനുസരിച്ച് അടകളുടെ എണ്ണം ക്രമപ്പെടുത്തി വിഭജന പലക ഉപയോഗിച്ച് കൂടിന്റെ ഉള്‍വിസ്തൃതി കുറച്ച് തേനീച്ചകളെ സംരക്ഷിക്കേണ്ടതാണ്. മാത്രമല്ല, അധികംവരുന്ന അടകള്‍ കൂടിനു പുറത്തെടുത്ത് വായു കടക്കാതെ തട്ടുകള്‍ക്കുള്ളിലാക്കി പാരാ ഡൈക്ലോറോ ബെന്‍സീന്‍ (PDB) എന്ന രാസവസ്തു ഉപയോഗിച്ച് സൂക്ഷിച്ചുവച്ച് അടുത്ത തേനുത്പാദനകാലത്തേക്ക് ഉപയോഗിക്കാം. മഴക്കാലത്ത് ആഹാര ദൗര്‍ലഭ്യം രൂക്ഷമാണെങ്കില്‍ തേനീച്ചകള്‍ക്ക് കൃത്രിമ ആഹാരം നല്കേണ്ടതാണ്. പഞ്ചസാരയും വെള്ളവും തുല്യ അളവില്‍ ചേര്‍ത്ത് ചൂടാക്കിയുണ്ടാക്കുന്ന പഞ്ചസാര പാവ് ആണ് പ്രധാന കൃത്രിമ ആഹാരം. ഈ ലായനി തണുപ്പിച്ച് പരന്ന പാത്രങ്ങളിലാക്കി, മേല്‍മൂടി മാറ്റി ചട്ടങ്ങള്‍ക്കു മുകളില്‍ വച്ച് കൊടുക്കാവുന്നതാണ്. തേനീച്ചകള്‍ ലായനിയില്‍ മുങ്ങിപ്പോകാതിരിക്കാനായി പാത്രങ്ങളില്‍ ചെറിയ മരക്കഷണങ്ങള്‍ ഇട്ടുകൊടുക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം തെങ്ങ് ഒരു പ്രധാന പൂമ്പൊടി സ്രോതസ്സായതിനാല്‍ പൂമ്പൊടി ദൗര്‍ലഭ്യം അനുഭവപ്പെടാറില്ല. പൂമ്പൊടി ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ തേനീച്ചകള്‍ക്ക് പാല്‍ പ്പൊടി, പഞ്ചസാര, തേന്‍ എന്നിവ ചേര്‍ത്ത് യീസ്റ്റ് ഉപയോഗിച്ച് തയ്യാറാക്കുന്ന കൃത്രിമ പൂമ്പൊടിയും നല്കാറുണ്ട്.
















Monday, 30 November 2015

ചെറു തേനീച്ച കൃഷി ശ്രദ്ധിക്കേണ്ടത് എല്ലാം


ചെറു തേനീച്ച കൃഷി

കടപ്പാട്: കേരളകര്‍ഷകന്‍ സെപ്റ്റംബര്‍ 2011


, This page is compiled by sHaMjItH.pK:Kalliad::



ചെറുതേനിന്റെ ഔഷധഗുണങ്ങള്‍


ഷധമേന്മയേറെയുളള ചെറുതേന്‍ ആരോഗ്യം നിര്‍ത്താന്‍ കഴിവുള്ള പ്രകൃതിയുടെ അമൃതിന് തുല്യമായ വിശിഷ്ടഭോജ്യവും സ്വാദിഷ്ട പാനീയവുമാണ്. ക്യാന്‍സര്‍ ചികിത്സയില്‍ പോലും ഒരു ഔഷധമെന്നനിലയില്‍ ആധുനികശാസ്ത്രം ഏറെ മൂല്യം കല്‍പിക്കുന്ന ചെറുതേനിന് വളരെ നല്ല വിലയും വിപണിയുമാണുള്ളത്.

വര്‍ദ്ധിച്ച തോതില്‍ ഊര്‍ജ്ജം നല്‍കുന്ന ചെറുതേനിലെ ഊര്‍ജ്ജം നേരിട്ട് ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടും. വേഗത്തില്‍ മുറിവുണങ്ങാനും പൊള്ളല്‍, നേത്രരോഗങ്ങള്‍, ചുമ, ജലദോഷം, കഫക്കെട്ട്, ത്വക്ക് രോഗങ്ങള്‍, ആസ്ത്മ, അള്‍സര്‍, അര്‍ശസ്, ഗ്യാസ്ട്രബിള്‍, വയറിളക്കം, വയറുകടി, അപസ്മാരം, കുടലിലെ രക്തസ്രാവം, മൂത്രാശയ രോഗങ്ങള്‍, കുട്ടികളിലെ ഉദരസംബന്ധമായ രോഗങ്ങള്‍, തുടങ്ങിയവയ്ക്ക് ചെറുതേന്‍ ഉത്തമമായ പ്രതിവിധിയാണ്.

മുഖത്തെ പാടുകള്‍ മാറ്റുന്നതിനും, ദുര്‍മ്മേദസ് ഇല്ലാതാക്കി അമിതവണ്ണം കുറയ്ക്കുന്നതിനും ചെറുതേന്‍ ഉത്തമമാണ്. ചെറുതേനിലെ ആന്റി ഓക്‌സിഡന്റുകളാണ് മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതിനും പാടുകള്‍ മാറുന്നതിനും സഹായിക്കുന്നത്.

മുന്തിരിക്കുലപോലുള്ള ചേറുതേന്‍ നിറച്ച അറകളില്‍ ശരാശരി കൂട്ടില്‍നിന്നും 200-850 മില്ലി തേന്‍ ലഭിക്കും. കൃഷ്ണതുളസി, തഴുതാമ, തെറ്റി തുടങ്ങിയ വിവിധതരം ഔഷധ സസ്യങ്ങളില്‍ നിന്നും തേന്‍ ശേഖരിക്കുന്നതുകൊണ്ടാണ് ചെറുതേനിന് വര്‍ദ്ധിച്ച ഔഷധ ഗുണം ഉണ്ടെന്ന് പറയപ്പെടുന്നത്.

ചെറുതേനിന് അമ്ലത്വം കൂടുതലായതിനാല്‍ പുളിരസം കൂടുതലാണ്. സ്രോതസ്സ് മാറുന്നതിനനുസരിച്ച് ചെറുതേനിന്റെ നിറവും മണവും വ്യത്യാസപ്പെട്ടിരിക്കും. ഇളം മഞ്ഞനിറം മുതല്‍ കടും തവിട്ടുനിറംവരെയുള്ള തേന്‍ ഉണ്ട്.

ചെറുതേനില്‍ ജലാംശം കുറവായതിനാല്‍ ഇന്ത്യന്‍ തേനീച്ചയുടെയോ ഇറ്റാലിയന്‍ തേനീച്ചയുടെയോ തേന്‍ സംസ്‌കരിക്കുന്നതുപോലെ സംസ്‌കരിക്കേണ്ടതില്ല. വെയിലത്ത് ചൂടാക്കുന്നത് ഏറെക്കാലം കേടുകൂടാതെ ഇരിക്കുന്നതിനു സഹായിക്കും.


രപ്പൊത്തിലും കല്ലിടുക്കുകളിലും ചുവരുകളിലും കാണുന്ന പ്രകൃതിദത്തമായ ചെറുതേനീച്ചകളെ നമുക്ക് കൂട്ടിലാക്കി വളര്‍ത്താവുന്നതാണ് ഔഷധമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള ചെറുതേന്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാനുള്ള അനന്തസാധ്യത പ്രയോജനപ്പെടുത്തണം. ഇത്തരത്തില്‍ ചെറുതേനീച്ചയെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താനുളള നൂതന സങ്കേതികവിദ്യ വെള്ളായണി കാര്‍ഷിക കോളേജിലെ അഖിലേന്ത്യ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രം ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. -



ചെറുതേനീച്ച കൂടിന്റെ ഘടന
പ്രധാനമായും പ്രവേശന കവാടം, മുട്ട-പുഴു അറകള്‍, പൂമ്പൊടി-തേന്‍ ശേഖരം എന്ന ക്രമത്തിലാണ് കൂടിന്റെ  ഘടന. ചെറുതേനീച്ചക്കോളനികള്‍ ഒരേ സ്ഥലത്തുതന്നെ, മറ്റ് ശല്യങ്ങള്‍ ഒന്നും ഇല്ല എങ്കില്‍, ഏറെക്കാലം നിലനില്‍ക്കുന്നതായാണ് കണ്ടിട്ടുള്ളത്.

കൂടുകെട്ടുന്ന രീതിയും കൂടിന്റെ  രൂപവും ആകൃതിയും തേന്‍ പൂമ്പൊടി ശേഖരിച്ചുവെയ്ക്കുന്ന രീതിയും എല്ലാം യഥാര്‍ത്ഥ തേനീച്ചകളില്‍ നിന്നും വ്യത്യസ്തമാണ്. ചെറുതേനീച്ചയുടെ അടകള്‍ നിര്‍മ്മിക്കുന്നത് മെഴുകും ചെടികളില്‍ നിന്നും ശേഖരിക്കുന്ന പശയും (റസിന്‍) കൂടിചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം കൊണ്ടാണ

ഇത് അരക്കുപോലെയുള്ള പദാര്‍ത്ഥമാണ്. ഇതിനെ സെറുമെന്‍ എന്നു പറയും. കൈതൊട്ടാല്‍ ഒട്ടിപ്പിടിച്ച് നൂലുപോലെ വലിയും.

പ്രവേശന കവാടത്തില്‍ സാധാരണയായി മെഴുക് കൊണ്ടുണ്ടാക്കിയ ഒരു കുഴല്‍ ഉണ്ടായിരിക്കും.  മണല്‍ തരികളോ പൊടികളോ ഒട്ടിച്ചുണ്ടാക്കിയിരിക്കുന്ന കുഴല്‍ വിവിധ ആകൃതിയിലും നീളത്തിലും കാണപ്പെടുന്നു. കുഴലിന്റെ അഗ്രഭാഗത്തായി 5-6 വേലക്കാരി ഈച്ചകള്‍ (ഗാര്‍ഡ് ബീസ്) കാവലിനായി ഉണ്ടായിരിക്കും.



ചെറുതേനീച്ചക്കൂടുകള്‍ തടിപ്പെട്ടികളില്‍
 ചെറുതേനീച്ചയെ വ്യാവസായികമായി വളര്‍ത്താന്‍ ഉപയോഗിക്കാവുന്ന വിവിധ തരം കൂടുകളെക്കുറിച്ച് വിശദമായ പഠനം വെള്ളായണി കാര്‍ഷിക കോളേജിലെ അഖിലേന്ത്യാ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രം നടത്തുകയുണ്ടായി. വ്യത്യസ്ത വ്യാപ്തം വരുന്ന തടിപ്പെട്ടികള്‍, മണ്‍കലങ്ങള്‍, മുളം കൂടുകള്‍ എന്നിവ പഠന വിധേയമാക്കി. ഇതില്‍ 1960 സി.സി. വ്യാപ്തമുള്ള മുളങ്കൂടുകളാണ് ഏറ്റവും ഉത്തമമെന്ന് കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ പുഴുവളര്‍ത്തലും തേന്‍- പൂമ്പൊടി ശേഖരവും ഈ വലുപ്പത്തിലുള്ള മുളങ്കൂടുകളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തേനെടുക്കുന്നതിനും ഏറ്റവും എളുപ്പമായുള്ളത് മുളങ്കൂടുകളാണ്. തേന്‍ – പൂമ്പൊടി അറകള്‍ മുളയുടെ വശങ്ങളിലായിരിക്കും ശേഖരിച്ചുവയ്ക്കുന്നത്. പുഴു അടകള്‍ക്ക് കേട് ഒട്ടുംതന്നെ സംഭവിക്കാതെ തേനെടുക്കുന്നതിന് ഇത് സഹായിക്കുന്നു. എന്നാല്‍ കലത്തില്‍ നിന്നോ തടിപ്പെട്ടിയില്‍ നിന്നോ തേന്‍ എടുക്കാന്‍ വളരെ പ്രയാസമാണ്. പുഴു അടകള്‍ക്കും ഈച്ചകള്‍ക്കും ഏറെ നഷ്ടം സംഭവിക്കുകയും ചെയ്യും. കൂടാതെ തേനും നഷ്ടപ്പെടും. മുളന്തണ്ടുകള്‍ എല്ലായ്‌പ്പോഴും കിട്ടുവാന്‍ പ്രയാസമായിരിക്കും,  അതിനാല്‍ ഇതേ വലുപ്പവും വ്യാപ്തവും വരുന്ന തടിപ്പെട്ടികള്‍ നിര്‍മ്മിച്ചെടുക്കാവുന്നതാണ്. മുളന്തണ്ട് സമാന്തരമായി നീളത്തില്‍ മുറിക്കുന്നതുപോലെ തടിപ്പെട്ടിയ്ക്കും രണ്ട് തുല്യ ഭാഗങ്ങള്‍ വരത്തക്കവിധം ചുവടെ ചേര്‍ത്തിരിക്കുന്ന അളവില്‍ നിര്‍മ്മിക്കാം. രണ്ട് ഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത് കമ്പിയോ കയറോ ഉപയോഗിച്ച് കെട്ടി കൂടാക്കാവുന്നതാണ്. ഇത്തരം കൂട്ടില്‍ വളരുന്ന ചെറുതേനീച്ചയെ വിഭജനം നടത്താനും എളുപ്പമാണ്





ചെറുതേനീച്ച കോളനി പരിപാലനം
എപ്പിസ് ഇനത്തിലുളള തേനീച്ചയെ ആഴ്ചയിലൊരിക്കല്‍ കൂടുതുറന്നു പരിശോധിച്ചു പരിപാലിക്കുമ്പോള്‍  ചെറുതേനീച്ചയെ പൊതുവെ തേനെടുക്കാനും വിഭജിക്കാനുമാണ് തുറക്കുന്നത്. മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ തേന്‍ സംഭരിക്കാനും വളര്‍ച്ചാകാലമായ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ വിഭജനത്തിനായിട്ടുമാണ് കൂട് തുറക്കാറുള്ളത്.
കൂടുതുറക്കുമ്പോള്‍ കുത്താന്‍ വിഷസൂചിയില്ലാത്ത ഇവ മാന്‍ഡിബിള്‍ കൊണ്ട് കടിച്ചാണ് ശത്രുക്കളെ തുരത്തുന്നത്. ഇത്തരത്തില്‍ കടിക്കുന്ന വേലക്കാരി ഈച്ച ചത്തുപോവുകയും ചെയ്യും. ഇതിനു പരിഹാരമായി കൂടുതുറക്കുമ്പോള്‍ നനഞ്ഞ തുണികൊണ്ട് തലയും ശരീരവും മൂടുകയോ മുഖംമൂടി (ബീവെയില്‍) ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
എന്നാല്‍ കൂടൂതുറക്കുമ്പോള്‍ വേലക്കാരി ഈച്ചകള്‍ തമ്മില്‍ കടിച്ചു ചാകുന്നത് വലിയ നാശത്തിനിടയാകുന്നു. ഇതിനു പരിഹാരമായി കൂടുതുറക്കുന്നതിന് മുന്‍പ് വേലക്കാരി ഈച്ചയെ കുപ്പിയിലാക്കി സുരക്ഷിതമായി സൂക്ഷിക്കുന്ന വിദ്യ രൂപപ്പെടുത്തിയിട്ടുണ്ട്.
ഒഴിഞ്ഞ വാട്ടര്‍ ബോട്ടിലില്‍ ആണികൊണ്ട് സുക്ഷിരങ്ങളുണ്ടാക്കുക. കുപ്പിയുടെ അടപ്പ് തുറന്ന് ശേഷം വായ്ഭാഗം ചെറുതേനീച്ചപെട്ടിയുടെ വാതിലിനോട് ചേര്‍ത്തുവയ്ക്കുക. തടിപ്പെട്ടിയില്‍ ചെറിയ മരക്കഷണം കൊണ്ട്  മെല്ലെ തട്ടുക. വേലക്കാരി ഈച്ച കൂട്ടില്‍ നിന്നും പുറത്തു വന്ന് കുപ്പിയില്‍ നിറയ്ക്കുമ്പോള്‍ അടുത്ത കുപ്പി ഇതേരീതിയില്‍ വെച്ചുകൊടുക്കുക.
അങ്ങനെ അഞ്ചോ ആറോ കുപ്പി നിറയുമ്പോള്‍ മുഴുവന്‍ ഈച്ചയും കുപ്പിയില്‍ പ്രവേശിച്ചു കഴിയും കുപ്പികള്‍ സുരക്ഷിതമായി മാറ്റി സൂക്ഷിക്കുക. ഉളിയുടെ സഹായത്താല്‍ പെട്ടിതുറന്ന്  തേന്‍ സംഭരണം നടത്താം.
അതിന് ശേഷം കൂട് അടച്ച് പൂര്‍വ്വസ്ഥിതിയില്‍ കെട്ടിവച്ചശേഷം കുപ്പിയില്‍ അടപ്പ് തുറന്ന് വയ്ക്കുന്നത് വേലക്കാരി ഈച്ചയ്ക്ക് കൂട്ടില്‍ പ്രവേശിക്കാന്‍ സഹായകമാവും.



വിഭജനം
കോളനി കൂട്ടം പിരിഞ്ഞ് നഷ്ടമുണ്ടാകാതിരിക്കാന്‍ യഥാസമയം കോളനി വിഭജിക്കേണ്ടതാണ്. നവംബര്‍ ഡിസംബര്‍ മാസങ്ങളാണ് ചെറുതേനീച്ച കൂട് വിഭജിക്കാനുത്തമം. ധാരാളം വേലക്കാരി ഈച്ചയും മുട്ടയും പുഴുവും ഉള്ള കോളനികള്‍ തെരഞ്ഞെടുത്ത് തെളിവുള്ള സായാഹ്നങ്ങളില്‍ വിഭജനം നടത്താവുന്നതാണ്.
റാണിഉള്ള അറകള്‍ വേണം വിഭജനത്തിന് തെരഞ്ഞെടുക്കാന്‍. ആദ്യം വേലക്കാരി ഈച്ചകളെ കൂട്ടില്‍ നിന്നും മാറ്റി, മുന്‍പ് പ്രസ്താവിച്ചതുപോലെ കുപ്പികളില്‍ സുരക്ഷിതമായി സൂക്ഷിക്കുക.
തുടര്‍ന്നു മാതൃതേനീച്ചപ്പെട്ടി ഒരു ഉളികൊണ്ട് തുറന്ന്, പകുതി പുഴു അടയും പൂമ്പൊടി ശേഖരവും കുറച്ച് തേന്‍ ശേഖരവും പുതിയകൂട്ടിലേയ്ക്ക് മാറ്റുക. എല്ലാപ്രായത്തിലുള്ള അടയും ഉണ്ടെന്ന് ഉറപ്പാക്കണം. തേന്‍ ശേഖരം പൊട്ടി ഒഴുകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് ഉറുമ്പിന്റെ ആക്രമണത്തില്‍ നിന്നും സംരക്ഷണം നല്‍കും.
പിരിക്കാനുപയോഗിച്ച കോളനിയില്‍ റാണിയുടെ സാന്നിദ്ധ്യവും പുതിയ കൂട്ടില്‍ റാണിമുട്ടയുടെ സാന്നിദ്ധ്യവും ഉറപ്പാക്കുക. റാണി അറ ഇല്ലായെങ്കില്‍ അതില്‍ ഒരു റാണി അറ ഗ്രാഫ്റ്റ് ചെയ്തു നല്കുന്നത് തേനിച്ച കൂട് പെട്ടന്ന് തെങ ശേകരണം തുടങ്ങാൻ സഹായിക്കും .   രണ്ടുകൂടും അടച്ച് സുരക്ഷിതമാക്കി പുതിയ കൂട് പഴയകൂടിന്റെ സ്ഥാനത്ത് പ്രവേശനദ്വാരം അതേദിശയില്‍ വരത്തക്കവിധം തൂക്കിയിടുക.
നാല് കുപ്പിയില്‍ സൂക്ഷിച്ചിരിക്കുന്ന വേലക്കാരി ഈച്ചയില്‍ രണ്ടെണ്ണം കുപ്പിയുടെ വാതില്‍ തുറന്ന് തേനീച്ചപെട്ടിയുടെ അടുത്ത് വെയ്ക്കുക. രണ്ടെണ്ണം പുതിയ പെട്ടിയുടെ വാതില്‍ക്കലും. മുഴുവന്‍ ഈച്ചയും പ്രസ്തുത കൂടുകളില്‍ പ്രവേശിക്കും. പഴയകൂട് അടച്ച് കഴിയുന്നത്ര അകലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുക.
മുളങ്കൂട് പോലെ നീളത്തില്‍ തുല്യകഷണങ്ങളായി പിളര്‍ന്നതും 1960 സി.സി. വലുപ്പത്തിലും വ്യാപ്തത്തിലും ഉണ്ടാക്കുന്ന തടിപ്പെട്ടിയില്‍ കോളനിയുടെ വിഭജനം വളരെ എളുപ്പമാണ.് വളര്‍ച്ചക്കാലത്ത് പെട്ടിതുറന്ന് ഓരോ ഒഴിഞ്ഞ ഭാഗത്തും പാളികള്‍ ചേര്‍ത്ത് ഘടിപ്പിച്ച് പുതിയ കോളനികളാക്കാവുന്നതാണ്.
പുതിയ പാളി നല്‍കി കൂട് തൂക്കിയിടുമ്പോള്‍ ആദ്യത്തെ കൂടിന് മുകളിലും രണ്ടാമത്തെ കൂടിന് താഴെയും ആയി രിക്കണം,  പുതിയ ഒഴിഞ്ഞ പാളിയുടെ സ്ഥാനം. ഇത് പുഴു അടകള്‍ക്കോ ഈച്ചകള്‍ക്കോ യാതൊരുവിധ ത്തിലുള്ള നഷ്ടവും ഉണ്ടാകുന്നില്ല എന്നത് ഏറ്റവും ശ്രദ്ധേയമാണ്.
ഈ രീതിയില്‍ കോളനി വിഭജനം സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കും വരെ ചെയ്യാവുന്നതും ആയാസം കൂടാതെ  ചെറുതേനീച്ച വളര്‍ത്തല്‍ അനുവര്‍ത്തിക്കാന്‍ സഹായകരവുമാണ്.
മുളങ്കൂടുകളില്‍ ഉള്ള കോളനികള്‍ വിഭജിക്കുന്നത് കുറച്ചുകൂടി എളുപ്പമാണ.് നീളത്തില്‍ തുല്യ കഷണങ്ങളായുള്ള മുളങ്കൂടിന്റെ ഉള്ളില്‍ ഇരുവശത്തും പുഴു അറയും  തേന്‍-പൂമ്പൊടി ശേഖരവും ഉണ്ടാകും. ഇതില്‍ ഒരുവശം എടുത്തുമാറ്റി അതില്‍ ഓരോന്നിലും തുല്യ അളവിലുള്ളതും വലുപ്പത്തിലുള്ളതുമായ വേറൊരു മുളങ്കഷ്ണം വച്ച് അടയ്ക്കുമ്പോള്‍ പുതിയ രണ്ട് കോളനികള്‍ തയ്യാറാകും.


ക്ഷാമകാല പരിചരണം
വാണിജ്യാടിസ്ഥാനത്തിലുള്ള ചെറുതേനീച്ച വളര്‍ത്തല്‍ ലക്ഷ്യമിടുമ്പോള്‍ പുതുതായി ധാരാളം തേനീച്ചകോളനികളെ ഉണ്ടാക്കണം. ഇതിനുള്ള ഗവേഷണ നിരീക്ഷണങ്ങളില്‍ കൃത്രിമാഹാരം നല്‍കാന്‍ വിജയകരമായ രീതി രൂപകല്പന ചെയ്തു.
പ്രകൃതിയിലുള്ള ചെടികളുടെ പൂക്കള്‍ മധു ചൊരിയാത്ത സമയവും മഴക്കാലവുമാണ് തേനീച്ചയ്ക്ക് ക്ഷാമകാലം. ഇന്ത്യന്‍ തേനീച്ചയ്‌ക്കെന്ന പോലെ ചെറുതേനീച്ചയ്ക്കു ക്ഷാമകാലത്ത് കൃത്രിമാഹാരമായി തേനോ പഞ്ചസാര ലായനിയോ നല്‍കുന്നത് കോളനി വളര്‍ച്ച ത്വരിതപ്പെടുത്തുകയും കൂടുകളെ ശാസ്ത്രീയമായ വിഭജനം നടത്തുന്നതിന് സഹായിക്കുകയും ചെയ്യും.  കൂടാതെ കൂട്ടം പിരിയുന്നതും കൂടുപേക്ഷിച്ച് പോകുന്നതുമായ പ്രവണത കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഇതിനായി പഴവര്‍ഗങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ദീര്‍ഘചതുരാകൃതിയിലുള്ള പാത്രത്തില്‍ ശുദ്ധമായ പഞ്ഞികൊണ്ട് ഒരു പാളിനിരത്തി അതില്‍ വാഷ് ബോട്ടിലിന്റെ സഹായത്തോടെ തേന്‍ തുള്ളികള്‍/പഞ്ചസാര ലായനി ഒഴിച്ച് ചെറുതേനീച്ചയുടെ  കൂടിനടുത്ത് വയ്ക്കുക. അതിനുശേഷം പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒരു മൂടി കൊണ്ട് അടയ്‌ക്കേണ്ടതാണ്.
പാത്രത്തിന് ചുറ്റും പാര്‍ശ്വങ്ങളിലായി നല്‍കിയിരിക്കുന്ന ചെറിയ ദ്വാരങ്ങളിലൂടെ ചെറുതേനീച്ചകള്‍ കൂട്ടത്തോടെ പാത്രത്തിനുള്ളില്‍ പ്രവേശിച്ച് കൃത്രിമാഹാരമായി നല്‍കിയ തേന്‍/ലായനി കുടിച്ച് വറ്റിക്കുന്നു. രണ്ടോ മൂന്നോ ഇത്തരം പാത്രങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി വയ്ക്കാവുന്നതാണ്.
കൂട്ടത്തോടെ ചെറുതേനീച്ചകള്‍ വന്ന് തേന്‍ കുടിക്കുമ്പോള്‍ അവ തമ്മില്‍ കടിക്കുന്നില്ല എന്നത് ഒരു പ്രത്യേകതയാണ.് കൂടാതെ പാത്രത്തിലെ ദ്വാരങ്ങള്‍ ചെറുതായതുകൊണ്ട് മറ്റിനം തേനീച്ചകള്‍ക്ക് പാത്രത്തിനുള്ളില്‍ കടക്കാനാവില്ല എന്നതും ശ്രദ്ധേയമാണ്.
ക്ഷാമകാലത്ത് ഇപ്രകാരം കൃത്രിമാഹാരം നല്‍കിയ കൂടുകളില്‍ വര്‍ദ്ധിച്ച തോതില്‍ വളര്‍ച്ചയുള്ളതായി കണ്ടെത്തി. വാണിജ്യാടിസ്ഥാനത്തില്‍ ചെറുതേനീച്ച വളര്‍ത്താന്‍ വേണ്ടുന്ന കോളനി വികസിപ്പിച്ചെടുക്കാനും, 
വെള്ളായണി കാര്‍ഷിക കോളേജിലെ പ്രൊഫസര്‍മാരാണ് ലേഖകര്‍

Sunday, 29 November 2015

ചെറു തേനീച്ചയെ പിടിക്കാം


ഒരു ചെറു തേനിച്ച കൂട് ഉണ്ടാക്കാൻ  ആദ്യം വീടിനു ചുറ്റും ഒന്ന് ചുറ്റി നടന്നു അവിടെ എവിടെ എങ്കിലും ചെറു തേനീച്ചയുടെ ഒരു ചെറിയ കൂട് ഉണ്ടോ എന്ന് നോക്കുക നമ്മുടെ വീടിന്‍റെ അടിത്തറയില്‍ ഉള്ള ചെറിയ പോടുകളില്‍  ചെറു തേനീച്ച കാണും ഈ കൂട്ടില്‍ ഉള്ള തേനീച്ചയെ ഒരു പെട്ടിയുടെ ഉള്ളില്‍ കൂട് വക്കുവാന്‍  പ്രേരണ കൊടുക്കുയാണ് നമ്മുടെ ലക്ഷ്യം





ചെറു തേനീച്ചയുടെ കൂട് കണ്ടെത്തിയാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ സംഘടിപിക്കുക

.1ഒരു തടി പെട്ടി യോ മുളം തണ്ടോ സംഘടിപ്പികുക. ചിത്രത്തില്‍ കാണുന്നത് പോലെയുള്ള തടിപെട്ടികള്‍ വാങ്ങുവാന്‍ കിട്ടും . ഹോര്‍ട്ടികള്‍ച്ചര്‍ ഓഫീസില്‍ നിന്നാണ് ഞാന്‍ വാങ്ങിയത് .
2 ഇനി രണ്ടു പാക്കറ്റ് m സീല്‍  വാങ്ങണം .

3മേസരിമാര്‍ ലെവല്‍ നോക്കുവാന്‍ ഉപയോഗിക്കുന്ന വെള്ള ട്യൂബ് ഒരു മീറ്റര്‍ വാങ്ങണം

4നിറമുള്ള സെല്ലോ ടേപ്പ്

5പശയോ അല്ലെങ്കില്‍ ഫെവി ക്ക്വ്ക്ക്

ആദ്യം പെട്ടിയില്‍ രണ്ടു അറ്റത്തും ഒരു ദ്വാരം ഇടണം .ട്യൂബ് കടത്തുവാന്‍ പാകത്തിന് ഒരു ദ്വാരവും . തേനീച്ചക്ക് കടക്കുവാന്‍ പാകത്തിന് മറ്റേ ദ്വാരവും ഇടണം






ഇനി പെട്ടി ചേര്‍ത്ത് വച്ച് ചുറ്റോടു ചുറ്റും സെല്ലോ ടേപ്പ്  ഒട്ടിക്കുക

ഇനി നമ്മള്‍ കണ്ടെത്തിയ തേനീച്ച കോളനിയിലെ പൊക്കിള്‍  ഇളക്കി പെട്ടിയുടെ മുന്‍പില്‍ ദ്വാരത്തിനു ചുറ്റും ഒട്ടിക്കുക .തേനീച്ചക്ക് പെട്ടിക്കുള്ളില്‍ കയറുവാന്‍ വേണ്ടിയാണിത്

ഇനി വെള്ള ട്യൂബ് ഒരു വശം തേനീച്ച കൂടിനുള്ളില്‍ കടത്തി m സീല്‍ പൊതിയുക










ഇനി വെള്ള ടുബിന്റെ മറു വശം നമ്മുടെ പെട്ടിയുടെ മറ്റേ അറ്റത്തുള്ള ദ്വാരതിലുടെ
ഉള്ളില്‍ കടത്തി അവിടെയും m സീല്‍ ഒട്ടിക്കുക

ഇനി കൂടിനു ചുറ്റും ഒരു കല്ല്‌ കൊണ്ട് പതുക്കെ ഒന്ന് തട്ടി കൊടുത്താല്‍ തേനീച്ച പതുക്കെ പെട്ടിയിലേക്ക് ട്യൂബ് വഴി വരുന്നത് കാണാം

ഉച്ച സമയത്തെ ഇത് ചെയ്യാവു . രണ്ടു ദിവസം കഴിയുമ്പോള്‍ തേനീച്ചകള്‍ വരവും പോക്കും പുതിയ പെട്ടിയിലുടെ ആക്കും


പെട്ടി അനക്കാതെ ഒരിടത്‌ ഉറപ്പിക്കുക .മഴ കൊള്ളാതെ ഇരിക്കാന്‍ ഒരു പ്ലാസ്റ്റിക്‌ ഷീറ്റ് ഉപയോഗിച്ച് പെട്ടി പൊതിയാം

ആറു മാസം കഴിയുമ്പോള്‍  പെട്ടി ടുബില്‍ നിന്നും മാറ്റി ഒരിടത്ത് കെട്ടി തൂക്കാം ഒരു പുതിയ ചെറു തേനീച്ച കോളനി റെഡി ......വായിക്കുമ്പോള്‍ പ്രയാസം ആണെന്ന് തോന്നാം പക്ഷെ വളരെ എളുപ്പം ആണ് .